International
വാഷിംഗ്ടൺ ഡിസി: പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. ലഹരിമരുന്നു കടത്ത് ആരോപിച്ചാണ് ബോട്ടുകളെ യുഎസ് ആക്രമിച്ചത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദേശത്തെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും എട്ടു പേർ കൊല്ലപ്പെട്ടെന്നും യുഎസ് സതേൺ കമാൻഡ് അറിയിച്ചു.
ലഹരി കടത്ത് സംഘങ്ങൾക്കെതിരെ സെപ്റ്റംബർ രണ്ടിന് ആരംഭിച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും നടപടി തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ലഹരിമരുന്നു കടത്ത് സംഘങ്ങൾക്കു നേരെയുള്ള നടപടിയെ കുറിച്ച് വിശദീകരിക്കാൻ സെനറ്റർമാരുടെ യോഗം ചേരുമെന്ന് യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമ്മർ അറിയിച്ചു.
ലഹരിമരുന്നു കടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ യുഎസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. കരീബിയൻ കടലിലേക്ക് ആയിരക്കണക്കിന് സൈനികരെയും വിമാന വാഹിനിക്കപ്പൽ വ്യൂഹത്തെയും അയച്ചതും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട വന്പൻ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലൻ എണ്ണ കടത്തുന്നതിന്റെ പേരിൽ ഉപരോധം നേരിടുന്ന കപ്പലാണ് പിടിച്ചെടുത്തത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്ന് കരുതുന്നു.
യുഎസ് പ്രസിഡന്റ് ട്രംപാണ് കപ്പൽ പിടിച്ചെടുത്ത കാര്യം അറിയിച്ചത്.കപ്പലിലെ എണ്ണ അമേരിക്ക സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ഹെലികോപ്റ്ററുകളിലെത്തിയ സൈനികർ കപ്പലിൽ ഇറങ്ങുന്ന വീഡിയോ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ടു.
അമേരിക്കൻ നടപടി കടൽക്കൊള്ളയാണെന്നും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുമെന്നും വെനസ്വേല പ്രതികരിച്ചു.
അതേസമയം കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്കിപ്പർ എന്നു പേരുള്ള വന്പൻ ടാങ്കറാണ് ഇതെന്നു റിപ്പോർട്ടുണ്ട്. ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ കടത്തുന്നതിന്റെ പേരിൽ ഈ കപ്പലിനുമേൽ യുഎസ് ഉപരോധം നിലവിലുണ്ട്.
വെനസ്വേലയിലെ ഹൊസെ തുറമുഖത്തുനിന്ന് ഈ മാസം നാലിനോ അഞ്ചിനോ പുറപ്പെട്ട ടാങ്കറിൽ 18 ലക്ഷം ബാരൽ ക്രൂഡ് ഉണ്ടായിരുന്നു. കുറാകാവോയിൽവച്ച് ക്യൂബയിലേക്കുള്ള നെപ്ട്യൂൺ-6 എന്ന ടാങ്കറിന് രണ്ടു ലക്ഷം ബാരൽ എണ്ണ കൈമാറി. തുടർന്നാണ് അമേരിക്കൻ സേന പിടിച്ചെടുത്തത്.
ടാങ്കർ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം വർധിപ്പിച്ച അമേരിക്ക എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കെതിരേ എന്ന പേരിൽ അമേരിക്ക നടത്തിയ 20 ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം.
മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല.
ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.
International
ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കി.
നാർകോ ഭീകരവാദികളായ ആറ് പുരുഷന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കുമരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികൾ ശക്തമാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദമാക്കിയതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയിൽ നടത്തിയത്.
ആക്രമണ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. തെക്കൻ അമേരിക്കയിലും കരീബിയനിലും പസഫിക് സമുദ്രത്തിലുമാണ് ആക്രമണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്.
ഇത്തരം ആക്രമണങ്ങളുടെ നിയമ സാധുതയും പ്രസിഡന്റിന് ഇത്തരം ആക്രമണത്തിന് നിർദേശിക്കാനുള്ള അധികാരവും യുഎസ് കോൺഗ്രസിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംഘമായ ട്രെൻ ഡേ ആരാഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് തനിക്ക് ആക്രമിക്കാനുള്ള അധികാരമുണ്ടെന്നാണ് വിമർശനങ്ങളോട് പ്രതികരിച്ചത്.